Posted on

ശിർക്കിന്റെ കാര്യത്തിൽ ആദ്യകാലക്കാരും,,, പിൽക്കാലക്കാരും…

ഈ കാലഘട്ടത്തിലെ ശിർക്കിന്റെ ആളുകൾ മുൻകാലക്കാരായ മക്കാ മുശ്‌രിക്കുകളെക്കാൾ 12 കാരണങ്ങളാൽ കടുത്ത ശിർക്ക് പേറിനടക്കുന്നവരാണ്.

ഒന്ന്, മുൻകാല മുശ്‌രിക്കുകൾ അവരുടെ നല്ല കാലങ്ങളിൽ (പ്രയാസങ്ങളൊന്നുമില്ലാത്ത സമയങ്ങളിൽ) മാത്രമാണ് അല്ലാഹു അല്ലാത്തവരിൽ പ്രതീക്ഷ അർപ്പിക്കുകയും അവരെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്തിരുന്നത്.

എന്നാൽ, പ്രയാസ ഘട്ടങ്ങളിലാവട്ടെ അവരുടെ പ്രതീക്ഷകളും പ്രാർത്ഥനകളുമെല്ലാം അല്ലാഹുവിനോട് മാത്രമായിരുന്നു.

അല്ലാഹു പറയുന്നു

فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ

എന്നാൽ അവര്‍ (മുശ്‌രിക്കുകൾ) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു. (29’65)

എന്നാൽ ഈ കാലഘട്ടത്തിലെ ശിർക്കിന്റെ ആളുകൾ തങ്ങളുടെ സമൃദ്ധികാലമെന്നോ പ്രയാസത്തിന്റെ അവസ്ഥയെന്നോ വ്യത്യാസമില്ലാതെ അല്ലാഹു അല്ലാത്തവരിൽ അഭയം തേടുകയും അല്ലാഹുവിൽ പങ്കുചേർക്കുകയും ചെയ്യുന്നു.

രണ്ട്, ആദ്യകാല മുശ്‌രിക്കുകൾ അല്ലാഹുവോടൊപ്പം വിളിച്ചു പ്രാർത്ഥിച്ചിരുന്നത് അവനിലേക്ക് ഏറെ അടുത്തവരായ അമ്പിയാക്കന്മാരെയും സ്വാലിഹീങ്ങളെയും മലക്കുകളെയുമെല്ലാമായിരുന്നു.

എന്നാൽ പിൽകാലക്കാരായ ഈ കാലഘട്ടത്തിലെ മുശ്‌രിക്കുകൾ അല്ലാഹുവോടൊപ്പം വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് (നിസ്കരിക്കാത്തതും,  നോമ്പനുഷ്ഠിക്കാത്തതുമായ) തെമ്മാടികളും പാപികളുമായ ആളുകളെയാണ്.

മൂന്ന്, പ്രവാചകന്മാർ ഏതൊരു വിശ്വാസത്തിലേക്കാണോ തങ്ങളെ ക്ഷണിച്ചത് അതിനെതിരായ നിലപാടുകാരാണ് ഞങ്ങൾ എന്ന് ബോധ്യമുള്ളവരായിരുന്നു ആദ്യകാല മുശ്‌രിക്കുകൾ.

അതു കൊണ്ടാണ് മക്കാമുശ്‌രിക്കുകൾ ഇപ്രകാരം ചോദിച്ചത്.

أَجَعَلَ ٱلْءَالِهَةَ إِلَٰهًا وَٰحِدًاۖ إِنَّ هَٰذَا لَشَىْءٌ عُجَابٌ

ഇവന്‍ പല ആലിഹത്തുകളെ ഒരൊറ്റ ഇലാഹാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ. (38’5)

എന്നൽ ഇന്നത്തെ മുശ്‌രിക്കുകൾ സ്വയം വാദിക്കുന്നത് തങ്ങൾ അമ്പിയാമുർസലുകൾ കൊണ്ടുവന്ന യഥാർത്ഥ ദീനിന്റെ മാർഗത്തിലാണ്‌ നിലകൊള്ളുന്നത് എന്നാണ്. അവർ അങ്ങനെ അല്ലായിരുന്നിട്ട്‌ കൂടി.

നാല്, അല്ലാഹുവിന്റെ പരമാധികാരത്തിലോ ഈ പ്രപഞ്ചത്തിന്റെ നിയന്ത്രണത്തിലോ ഒന്നും തന്നെ അവന് പങ്കുകാരുണ്ട് എന്ന വിശ്വാസം മുൻകാല മുശ്‌രിക്കുകൾക്ക് ഉണ്ടായിരുന്നില്ല.

قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ

നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവൻ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങൾക്കറിയാമെങ്കിൽ (പറയൂ.) (23’88)

سَيَقُولُونَ لِلَّهِۚ

അവർ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാകുന്നു. (23’89)

എന്നാൽ, പിൽക്കാല മുശ്‌രിക്കുകൾ തങ്ങൾ ആദരിക്കുന്നവർക്ക്‌ ഈ ലോകത്തിന്റെ നിയന്ത്രണത്തിൽ വരെ പങ്കുണ്ട് എന്ന ജാഹിലിയ്യാ കാലത്ത് പോലും പരിചയമില്ലാത്ത കടുത്ത ശിർക്കൻ വിശ്വാസം വെച്ചു പുലർത്തുന്നവരാണ്.

അഞ്ച്, അല്ലാഹുവിലേക്ക് കൂടുതലായി അടുക്കാൻ തങ്ങൾക്കും അല്ലാഹുവിനുമിടയിൽ മധ്യവർത്തികളെ സ്വീകരിക്കുകയാണ് എന്ന പേരിലാണ് ആദ്യകാല മുശ്‌രിക്കുകൾ അല്ലാഹുവല്ലാത്തവർക്ക്‌ ഇബാദത്തുകൾ വകവെച്ചുകൊടുത്തിരിക്കുന്നത്.

എന്നാൽ,,,,,, തങ്ങൾ അല്ലാഹുവിന് പുറമെ ഇബാദത്തുകൾ വകവെച്ചുകൊടുക്കുന്നവരായ ആളുകൾ തങ്ങൾക്ക് ഉപകാരം ചെയ്യാനും ഉപദ്രവം ചെയ്യാനും സ്വയം കഴിവുള്ളവരാണ് എന്ന് വിശ്വസിക്കുന്നവരാണ്  ഈ കാലഘട്ടത്തിലെ ശിർക്കിന്റെ ആളുകളിൽ അധികപേരും.

ആറ്, ആദ്യകാല മുശ്‌രിക്കുകൾക്കിടയിൽ കൂടുതലായും നിലനിന്നിരുന്നത് അല്ലാഹുവിന് മാത്രം നൽകപ്പെടേണ്ട ഇബാദത്തുകൾ മറ്റുള്ളവർക്ക് വകവെച്ച് കൊടുക്കുക എന്ന ഉലൂഹിയ്യിത്തിലുള്ള ശിർക്കായിരുന്നു. തൗഹീദിന്റെ മറ്റു രണ്ടു ഇനങ്ങാളായ റുബൂബിയ്യഃ, അല്‍ അസ്മാഉ വസ്സ്വിഫാത് എന്നിവയിൽ ശിർക്ക് താരതമ്യേന കുറവായിരുന്നു.

എന്നാൽ ഇക്കാലഘട്ടത്തിലെ മുശ്‌രിക്കുകൾ കൂടുതലായും മേൽ പറഞ്ഞ തൗഹീദിന്റെ മൂന്നിനങ്ങളിലും അല്ലാഹുവിൽ പങ്കു ചേർക്കുന്നവരാണ്.

ഏഴ്, സ്വാലിഹീങ്ങളോട് ദുആ ചെയ്യുക, ആവശ്യങ്ങൾ നിറവേറ്റാൻ അവരിൽ പ്രതീക്ഷയർപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് എന്നാണ് ഈ കാലഘട്ടത്തിലെ മുശ്‌രിക്കുകളുടെ വാദം.

ആദ്യകാല മുശ്‌രിക്കുകൾക്ക്‌ പരിചയമില്ലാത്ത വാദമാണിത്.

എട്ട്, ആദ്യകാല മുശ്‌രിക്കുകൾ തങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ശിർക്ക് തന്നെയാണ് എന്ന് അംഗീകരിച്ചവരായിരുന്നു, അഥവാ തങ്ങൾ ആദരിക്കുന്നവരായ പുണ്യവാൻമാരോടുള്ള പ്രതീക്ഷയർപ്പിക്കൽ അവർക്കുള്ള ഇബാദത്താണ് എന്ന് ബോധ്യമുള്ളവരായിരുന്നു.

എന്നാൽ പുണ്യപുരുഷന്മാരിൽ തങ്ങൾക്കുള്ള പ്രതീക്ഷയും മറ്റും അവരോടുള്ള സ്നേഹത്തിന്റെ ഭാഗമാണെന്നും അത്കൊണ്ട് തന്നെ അവർക്ക് വകവെച്ച്‌ കൊടുക്കുന്ന ഇബാദത്തിന്റെ ഇനങ്ങൾ ഒന്നും തന്നെ അല്ലാഹുവിൽ പങ്കു ചേർക്കുക എന്ന ശിർക്കിന്റെ പരിധിയിൽ പെടുകയില്ല എന്നുമാണ് (കളവാണെങ്കിൽ കൂടി) ഈ കാലഘട്ടത്തിലെ മുശ്‌രിക്കുകളുടെ വാദം.

ഒമ്പത്, ആദ്യകാല മുശ്‌രിക്കുകൾ അവരുടെ ആലിഹത്തുകളോട് (ആരാധ്യന്മാരോട്) ദുനിയാവിന്റെ കാര്യങ്ങളാണ് തേടിയിരുന്നത്.

പരലോക രക്ഷക്ക് വേണ്ടിയായിരുന്നില്ല അവരുടെ തേട്ടങ്ങൾ.

അവരിൽ ചിലർ മരണാനന്തര ജീവിതം നിഷേധിച്ചിരുന്നു എന്നത് കൊണ്ടും, മറ്റു ചിലർ തങ്ങൾക്ക് ഉയിർത്തെഴുന്നേൽപ്പിന് ശേഷം അല്ലാഹുവിങ്കൽ സ്ഥാനവും പദവിയും ഉണ്ടാകും എന്ന വിശ്വാസത്തിനാലുമാണത്‌.

എന്നാൽ ഈ കാലഘട്ടത്തിലെ മുശ്‌രിക്കുകൾ ദുനിയാവിലേയും പരലോകത്തിലേയും ആവശ്യങ്ങൾക്ക് വേണ്ടി തങ്ങളുടെ ആലിഹത്തുകളോട് തേടുന്നു.

പത്ത്, ആദ്യകാല മുശ്‌രിക്കുകൾ അല്ലാഹുവിനെയും അവന്റെ മത ചിഹ്നങ്ങളെയും വളരെയധികം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തു പറഞ്ഞ കാര്യങ്ങൾ വളരെ ഗൗരവമായി കണ്ടിരുന്നു, അല്ലാഹുവിലും അവന്റെ ഭവനമായ മസ്ജിദുകളിലും അഭയമന്വേഷിക്കുന്നർക്ക് അവർ അഭയം നൽകിയിരുന്നു, കഅ്ബയടങ്ങുന്ന ബൈത്തുൽ ഹറാമിനാണ് അവരുടെ ആലിഹതുകൾക്കായി കെട്ടിയുണ്ടാക്കിയ മന്ദിരങ്ങളേക്കാൾ ശ്രേഷ്ഠതയെന്ന് അവർ വിശ്വസിച്ചിരുന്നു.

എന്നാൽ ഇക്കാലഘട്ടത്തിലെ മുശ്‌രിക്കുകൾ അല്ലാഹുവിന്റെ പേരിൽ കള്ളസത്യം ചെയ്യാൻ യാതൊരു മടികാണിക്കാത്തവരും തങ്ങൾ ആദരിക്കുന്നവരുടെ പേരിൽ സത്യം ചെയ്തു പറഞ്ഞ കാര്യങ്ങൾ ഗൗവപൂർവ്വം കാണുന്നവരുമാണ്.

അല്ലാഹുവിലും അവന്റെ ഭവനമായ മസ്ജിദുകളിലും അഭയമന്വേഷിക്കുന്നവർക്ക് അഭയം നൽകാതിരിക്കുകയും തങ്ങൾ ആദരിക്കുന്നവരിലും അവരുടെ കേന്ദ്രങ്ങളിലും അഭയം തേടുന്നവർക്ക് അഭയം നൽകുകയും ചെയ്യുന്നു.

മസ്ജിദുകളിൽ ഇഅ്തികാഫ്‌ ഇരിക്കുന്നതിനേക്കാൻ ഇത്തരത്തിലുള്ള ഇവരുടെ കേന്ദ്രങ്ങളിൽ ഭജനമിരിക്കുന്നതിനാണ് ശ്രേഷ്ഠതയെന്നും അല്ലാഹുവിനോട് അവന്റെ മസ്ജിദിൽ ഇരുന്നു ദുആ ചെയ്യുകയും സഹായം തേടുകയും ചെയ്യുന്നതിനേക്കാൾ ഫലപ്രദവും എളുപ്പവും ഉപകാരവും തങ്ങൾ ആദരിക്കുന്നവരുടെ ഖബറിനരികിൽ പോയി അവരോട് തേടുന്നതാണ് എന്നും ഇവർ വിശ്വസിക്കുന്നു.

പതിനൊന്ന്, ആദ്യകാല മുശ്‌രിക്കുകൾ തങ്ങളുടെ ആലിഹത്തുകളോട് റഹ്‌മാനായ അല്ലാഹുവിനോട് ചോദിക്കുന്നതെല്ലാം ചോദിച്ചിരുന്നില്ല. മറിച്ച്, അല്ലാഹുവിനോട് മാത്രമായി ചോദിക്കാൻ അവർക്ക് ആവശ്യങ്ങളുണ്ടായിരുന്നു.

എന്നാൽ ഇന്നത്തെ മുശ്‌രിക്കുകൾ നേരെ തിരിച്ചാണ്, അല്ലാഹുവിനോട് ചോദിക്കുന്നതെല്ലാം തങ്ങളുടെ ആരാധ്യന്മാരോട് ചോദിക്കുക മാത്രമല്ല, ചില ആവശ്യങ്ങൾ ആലിഹത്തുകളോട് (ആരാധ്യന്മാരോട്) മാത്രമേ ചോദിക്കുകയുള്ളൂ, അല്ലാഹുവിനോട് ചോദിക്കുകയില്ല.

പന്ത്രണ്ട്, അല്ലാഹു തങ്ങളുടെ ആരാധ്യരുടെ രൂപത്തിൽ വെളിപ്പെടും, അത് കൊണ്ട് തന്നെ ഇവരെ ആരാധിക്കുന്നതിലൂടെ അവരിൽ പ്രത്യക്ഷനായ അല്ലാഹുവെയാണ് ഞങ്ങൾ ആരാധിക്കുന്നത് എന്ന് വാദിക്കുന്നവർ ഈ കാലഘട്ടത്തിലെ മുശ്‌രിക്കുകളുടെ കൂട്ടത്തിലുണ്ട്.

എന്നാൽ മുൻകാല മുശ്‌രിക്കുകൾ പറയാത്തതും അവർക്ക് പരിചയമില്ലാത്തതുമായ വാദമാണിത്.

അത്തഅ്ലീഖാത് അലാ ഖവാഇദിൽ അർബഅ, ശൈഖ് സ്വാലിഹ് അൽ ഉസ്വൈമീ
 حَفِظَهُ اللَّهُ